തിരുവനന്തപുരം: സംഗീത ലോകത്തെ എക്കാലത്തെയും വലിയ സംഭാവനകളാണ് വയലാറിന്റെയും ചെമ്പൈയുടെയുമെന്നും ആ സംഭാവനകൾ അമൂല്യമാണെന്നും മന്ത്രി സി.പി.ജോൺ അഭിപ്രായപ്പെട്ടു. വയലാർ രാമവർമ സാംസ്കാരിക വേദിയും ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച വയലാർ രാമവർമ പഞ്ചദിന സംഗീതോത്സവത്തിന്റെ രണ്ടാംദിന സാംസ്കാരിക സമ്മേളനം ശ്രീവരാഹം അയോധ്യ നഗർ ചെമ്പൈ മെമ്മോറിയൽ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
അനശ്വരനായ വയലാറിന്റെ കലാ ലോകത്തെ സംഭാവനകൾ പുതുതലമുറ പഠന വിഷയമാക്കേണ്ടതാണ്. വയലാറിന്റെ ഗാനങ്ങൾ മലയാളിക്ക് ലഭിച്ച വലിയ സമ്മാനമാണെന്നും സി.പി.ജോൺ കൂട്ടിച്ചേർത്തു.
വയലാർ രാമവർമയുടെ 50-ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക പരിപാടികളുടെ ഭാഗമായാണ് പഞ്ചദിന സംഗീതോത്സവം അരങ്ങേറുന്നത്. വയലാർ രാമവർമ സാംസ്കാരിക വേദി പ്രസിഡന്റ് ഡോ.ജി.രാജ്മോഹൻ അധ്യ ക്ഷ പ്രഭാഷണം നടത്തി.
നിയമസഭ മുൻ സ്പീക്കർ എം. വിജയകുമാർ മുഖ്യാതിഥിയായി. മുൻ മേയർ അഡ്വ.കെ.ചന്ദ്രിക മുഖ്യപ്രഭാഷണം നടത്തി. പിന്നണി ഗായിക അരുന്ധതി, ഡോ. പ്രമോദ് പയ്യന്നൂർ, സാംസ്കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, ശ്രീവ രാഹം കൗൺസിലർ ആർ. മിനി, മുക്കംപാലമ്മൂട് രാധാകൃഷ്ണൻ, വയലാർ സിംഗേഴ്സ് ഗ്രൂപ്പ് രക്ഷാധികാരി ഷീല ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി സി. നീലകണ്ഠൻ സ്വാഗതവും വയലാർ രാമവർമ സാംസ്കാരിക വേദി കൺവീനർ ജി.വിജയകുമാർ നന്ദിയും പറഞ്ഞു. തുടർന്നു ഡി.ആർ. ഭരത് കൃഷ്ണ, ബി. വൈഷ്ണവ്, സൗരവ് പി. വർമ പന്തളം എന്നിവരുടെ സംഗീതാർച്ചനയും നടന്നു.